കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ മോഷണം, കവർന്നത് 40 പവൻ; പ്രതിക്കായി തിരച്ചിൽ
കോഴിക്കോട് :ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണം.
സിസി ടിവി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 1.55 ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിനു മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്കു പോയിരിക്കുകയായിരുന്നു ഗായത്രി. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
രണ്ടാഴ്ചക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. ആളില്ലാത്ത വീട്ടിൽ നിന്ന് 20 പവനോളം സ്വർണം അടുത്തിടെ കവർന്നിരുന്നു. സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം.

