വണ്ടൂർ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; ജില്ലയിൽ ഒറ്റദിവസം നടന്ന 4 അപകടത്തിൽ മരിച്ചത് എട്ട് പേർ.
മലപ്പുറം: മൈസൂരിൽ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെ വണ്ടൂരിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെ മരണം മൂന്ന് ആയി. ഇന്നലെ മാത്രം രണ്ടു പേരാണ് മരിച്ചത്. പിതാവും ഉമ്മയും മകളുമാണ് ഈ അപകടത്തിൽ മരിച്ചത്. കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മകളുമാണ് ഇന്നലെ മരിച്ചത്.
കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പേരക്കുട്ടിയെ മൈസൂരിൽ നഴ്‌സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ പുലർച്ചെ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
അതേദിവസം തിരൂരങ്ങാടിയിൽ ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ മരിച്ചിരുന്നു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്.
താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്.
അന്ന്തന്നെ കക്കാടംപൊയിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. അരീക്കോട് ഊർങ്ങാട്ടിരി പന്നിയാർമല ഇറക്കത്തിൽ ആണ് അപകടം നടന്നത്. ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറകാറ്റാടിപ്പൊയിൽപുന്നത്ത്ചെറുകാംപുറത്ത് സുധർമന്റെ മകൻ സൂരജ് (23) എന്നിവരാണ് മരണപ്പെട്ടത്.
ഇതേദിവസം ബാംഗ്ലൂർ രാംനഗറിൽ കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിക്കുകയും മൂന്നു പേർക്ക്പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊണ്ടോട്ടി തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതടക്കം ഒറ്റദിവസം നടന്ന നാല് അപകടത്തിൽ എട്ട് പേരാണ് മരിച്ചത്.

