1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആര്‍.എസ്.എസുകാരെന്നത് വ്യാജം; സ്റ്റാമ്പും നാണയവും രാജ്യത്തെ അപമാനിക്കുന്നത്: സി.പി.ഐ.എം

ന്യൂദല്‍ഹി: ആര്‍.എസ്.എസ് സ്ഥാപകദിനത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ നൂറുരൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.
1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന തപാല്‍ സ്റ്റാമ്പാണ് പ്രധാനമന്ത്രി പുറത്തിക്കിയിരിക്കുന്നത്. ഇതിലൂടെ ചരിത്രത്തെ വ്യാജമായി നിര്‍മിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ചൂണ്ടിക്കാണിച്ചു.

ഹിന്ദുത്വ രാഷ്ട്രം എന്ന വിഭാഗീയ ആശയത്തിന്റെ പ്രതീകമായി ആര്‍.എസ്.എസ് ആഘോഷമാക്കുന്ന ഒരു ഹിന്ദു ദേവതയുടെ ‘ഭാരത് മാതാ’ എന്ന ചിത്രം ഔദ്യോഗിക നാണയത്തില്‍ പകര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഔദ്യോഗിക കുറിപ്പിലൂടെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു.

1963 ലെ റിപ്പബ്ലിക് ദിന പരേഡ് യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്ത വലിയൊരു സമ്മേളനമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്.

1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ നെഹ്റു ആര്‍.എസ്.എസിനെ ക്ഷണിച്ചിരുന്നു എന്ന നുണയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രചാരണം. യൂണിഫോം ധരിച്ച ആര്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാണിച്ചു.

സ്വാതന്ത്ര്യസമരത്തില്‍ നിന്ന് മാറി നിന്നിരുന്ന ആര്‍.എസ്.എസിന്റെ ബ്രിട്ടീഷ് തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലജ്ജാകരമായ ആശയത്തെ വെള്ളപൂശാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്ന ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ മോശമായ വര്‍ഗീയാക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ ആര്‍.എസ്. എസിന്റെ പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്.
ഇന്ന് മനുവാദി പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തിലൂടെ ന്യൂനപക്ഷങ്ങളെയും സമൂഹത്തിലെ പാര്‍ശ്വത്കരിക്കപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുന്നത് ആര്‍.എസ്.എസും സംഘപരിവാറുമാണ്.
ആര്‍.എസ്.എസിന്റെ ചരിത്രത്തിന്റെ സംന്ധിച്ച യാഥാര്‍ത്ഥ്യങ്ങളാണ് പ്രധാനമന്ത്രി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. ഈ പ്രവൃത്തികളിലൂടെ പ്രധാനമന്ത്രി തന്റെ ഭരണഘടനാ സ്ഥാനത്തിന്റെ അന്തസ്സ് താഴ്ത്തിക്കെട്ടിയെന്നും സി.പി.ഐ.എം ഔദ്യേഗിക പത്രക്കുറിപ്പിലൂടെ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *