കൈകള്‍ കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഫലസ്തീന്‍ തടവുകാരുടെ വീഡിയോയുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്.

ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്.
‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍ അവരെ ഒന്ന് നോക്കൂ. ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. തീവ്രവാദികള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്,’ ബെന്‍ ഗ്വിറിന്റെ പരാമര്‍ശം. ഇസ്രഈല്‍ ജയിലുകളിലെ വിപ്ലവത്തില്‍ താന്‍ അഭിമാനിക്കുന്നതായും സെല്ലുകളുടെ ചുമതല കൂടിയുള്ള ബെന്‍ ഗ്വിര്‍ പറയുന്നുണ്ട്.

ഇസ്രഈലിലെ ജയിലുകളില്‍ ഇന്ന് പുഞ്ചിരിയില്ല. ഒരു വേനല്‍ക്കാല ക്യാമ്പിന് പകരം പ്രതിരോധമാണുള്ളത്. ചിരികളെല്ലാം തങ്ങള്‍ മായ്ക്കുകയാണെന്നും ബെന്‍ ഗ്വിര്‍ വീഡിയോയില്‍ പറയുന്നു. ഏതെങ്കിലും ഫലസ്തീന്‍ തീവ്രവാദിയോട് തന്റെ ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു നോക്കൂ. അവര്‍ ഭയന്ന് വിറയ്ക്കുമെന്നും ബെന്‍ ഗ്വിര്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *