വോട്ട് ചോർച്ചയിൽ ഞെട്ടി സി.പി.എം, ജില്ലയിൽ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം

കോഴിക്കോട് :പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലടക്കം ഉണ്ടായ വോട്ട് ചോർച്ചയിൽ പതറി സി.പി.എം. ഉരുക്കുകോട്ടയായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പലപഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.
തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്, സി.പി.എം നേതാക്കൾ തയാറായിട്ടില്ല. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റ നേടിയെന്നത് എൽ.ഡി.എഫിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല.
2021ൽ 11 സീറ്റിൽ വ്യക്തമായി മേധാവിത്വം പുലർത്തിയ എൽ.ഡി.എഫിന് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് തദ്ദേശ ഫലമനുസരിച്ച് മുൻതൂക്കമുള്ളത്. ഇവിടങ്ങളിൽ തന്നെ നേരിയ വോട്ടുകൾക്ക് എൽ.ഡി.എഫ് കടന്നുകൂടുകയായിരുന്നു.
ഏത് തരംഗത്തിലും ഇളകാതിരുന്ന കോട്ടയാണ് യു.ഡി.എഫ് മുന്നേറ്റത്തിൽ നിലംപരിശായത്. 42പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. എൽ.ഡി.എഫിന്റെ വിജയം 24ൽ ഒതുങ്ങി. ജില്ലാ പഞ്ചായത്ത് കൈവിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ല. 95 മുതൽ ഇടതുമുന്നണിയുടെസ്വന്തമായിരുന്ന ജില്ലാ പഞ്ചായത്ത് നഷ്ടമാകുമെന്ന് നേതൃത്വം ഒരിക്കലും കണക്കുകൂട്ടിയിരുന്നില്ല. വാർഡ് വിഭജനത്തോടെ നില കൂടുതൽ ഭദ്രമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം പാതി പിന്നിട്ടതോടെ പുതിയ ഡിവിഷനുകളുടെ രാഷ്ട്രീയ മാറ്റം ചില നേതാക്കൾ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇടതുമുന്നണിക്ക് അനുകൂലമായി വിഭജിച്ച പഞ്ചായത്ത് വാർഡുകൾ കൂട്ടിച്ചേർത്ത് ഡിവിഷനുകൾ പുനഃക്രമീകരിച്ചപ്പോൾ ഫലത്തിൽ എൽ.ഡി.എഫിന് എതിരായി മാറുകയായിരുന്നു. വാർഡ് പുനർവിഭജനത്തിന് നേതൃത്വം നൽകിയ ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഡിവിഷനുകളിലെ യു.ഡി.എഫിന്റെ വൻ വിജയം. തിരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഏകോപനമില്ലായ്മയും ചർച്ചയാകുന്നുണ്ട്. സി.പി മുസാഫർ അഹമ്മദിന്റെ വാർഡിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന് ചുമതല നൽകിയിട്ടും ജയിക്കാൻ കഴിയാതെ പോയത് വലിയ വീഴ്ചയായാണ് കാണുന്നത്. മലയോര മേഖലയിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവിയുടെ കാരണം ചികയുകയാണ് നേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *