സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്തം.

ന്യൂഡൽഹി:സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്ത. കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉത്തരവ് ലഭിച്ചാല്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ച നടപടിയിലാണ് വിമര്‍ശനമുയരുന്നത്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറാക്കിയാണ് വെട്ടിച്ചുരുക്കിയത്.വ്യക്തിഗതപരാതികളും നടപടിക്കുമുള്ള സമയപരിധിയും കുറച്ചു. നടപടിക്കെതിരെ എ.എ റഹീം എംപി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

 

‘കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സെലക്ടീവായ നിരോധനങ്ങളാണ്. സെലക്ടീവായ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇവരുടെ ശ്രമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കണമെന്നുള്ളതാണ് അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം. ഇത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് കരുതാനാവില്ല. അഭിപ്രായപ്രകടനങ്ങള്‍ക്ക് മേലുള്ള ബുള്‍ഡോസിങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്കെതിരായി അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന, ഭരണഘടനയെ പ്രതിരോധിക്കുന്ന, സെക്യുലറായ അഭിപ്രായങ്ങള്‍ നടത്തുന്നവരെ ഇല്ലാതാക്കാനാണ് അവരുടെ നീക്കം. ഇത് അങ്ങേയറ്റം ആപത്ക്കരമാണ്. ജനാധിപത്യലംഘനവുമാണ്. ജനാധിപത്യമൂല്യങ്ങളെ ബുള്‍ഡോസ് ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കും. സഭാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്’. റഹീം പറഞ്ഞു.

സാമൂഹികമാധ്യമങ്ങള്‍ക്കെതിരായി നീക്കങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് സ്വീകരിച്ചിരിക്കുന്നത്? ഭരണകൂടത്തിനിഷ്ടപ്പെടുന്നത്, സംഘ്പരിവാറിനിഷ്ടപ്പെടുന്നത് എല്ലാം മാനദണ്ഡങ്ങളുടെ പുറത്തുവരും. അവര്‍ക്കിഷ്ടമില്ലാത്തതെല്ലാം മാനദണ്ഡങ്ങളുടെ അകത്തുവരും. അഥവാ, സെലക്ടീവ് എലിമിനേഷനാണ് നിലവില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സാധ്യമാകുന്ന എല്ലാ വിധേനയും എതിര്‍ക്കും’. റഹീം എംപി കൂട്ടിച്ചേര്‍ത്തു.
എഐ ഇംപാക്ട് ഉച്ചകോടി ഈ മാസം 20ന് സമാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ദേശസുരക്ഷ, അപകീര്‍ത്തി, ക്രമസമാധാനം, കോടതിയലക്ഷ്യം എന്നീ കാരണങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുക്കിയതെന്നാണ് വിവരം. കൂടാതെ, നഗ്നത, ലൈംഗികത, മോര്‍ഫിങ് തുടങ്ങിയവ നീക്കം ചെയ്യാനുള്ള സമയം 24 മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായും വെട്ടിച്ചുരുക്കി ചട്ടഭേദഗതി വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *