സിനിമയ്ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’; ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി
കൊച്ചി ∙ വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നാളെ സിനിമ കണ്ട് വിലയിരുത്തുന്ന കാര്യം ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനിക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടു
ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല എന്ന നിലപാടാണ് നിർമാതാക്കൾ സ്വീകരിച്ചത്. സെൻസർ ബോർഡിന്റെ അനുമതിയില്ലാതയാണ് ടീസർ പുറത്തിറക്കിയത് എന്ന് ഹർജിക്കാർ വാദിച്ചു. കേരളത്തിൽ നിന്നുള്ള സംഭവങ്ങളല്ല ചിത്രത്തിലുള്ളത് എന്നാണ് സിനിമയുടെ നിർമാതാക്കൾ പറഞ്ഞിട്ടുള്ളത്. എന്നിട്ടും കേരള സ്റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം സംബന്ധിച്ച് നിർമാതാക്കൾ
സുപ്രീം കോടതിയിൽ പറഞ്ഞത്, ആധികാരികമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല തങ്ങൾ ഇതിലെ രംഗങ്ങൾ ചേർത്തിരിക്കുന്നത് എന്നാണ്. എന്നിട്ടും കേരളത്തിന്റെ പേര് ഇട്ടു. ലോകം മുഴുവൻ മലയാളികള്‍ താമസിക്കുന്നുണ്ട്. അവർ മറ്റു സമൂഹങ്ങളിലുള്ളവർക്കൊപ്പം ജീവിക്കുന്നവരുമാണ്. മോശം പ്രതിച്ഛായ കേരളത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാനും ഇത് ഇടയാക്കുമെന്ന് ഹർജിക്കാർ പറഞ്ഞു.

