‘ക്യാമ്പസുകളിൽ ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല’പോരാട്ടം തുടരും; നിധിൻ രാജിൻ്റെ പിതാവ്

കണ്ണൂർ: മകനെ അപമാനിച്ചു മരണത്തിലേക്ക് എത്തിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ച് നിധിൻ്റെ അച്ചൻ  .ക്യാമ്പസുകളിൽ ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാ പാടില്ലെന്നും മകന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ നിന്ന് ജീവനൊടുക്കിയ നിതിൻ രാജിന്റെ പിതാവ് രാജൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് പ്രധാന ആരോപണ വിധേയരായ റാമിനെയും സംഗീതയെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. പൊലീസ് അന്വേഷണം ആദ്യ ഘട്ടത്തിൽ തൃപ്തികരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, പ്രതികളെ ഇനിയും പിടികൂടാത്തതിൽ കുടുംബത്തിന് കടുത്ത ആശങ്കയുണ്ട്.
പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിനെ അധ്യാപകർ കൂട്ടം ചേർന്ന് വിചാരണ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഒരു 21 വയസുകാരനോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടന്നത്. അതിനാൽ ഈ കേസിൽ കോളജ് പ്രിൻസിപ്പലിനെയും നിർബന്ധമായും പ്രതി ചേർക്കണം. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ സഹായിക്കുന്നതിന് പകരം വിചാരണ ചെയ്യുകയാണ് ഉണ്ടായത്. അധ്യാപകർക്ക് 2000 രൂപ വീതം നൽകി ആ പ്രശ്‌നം പരിഹരിക്കാമായിരുന്നല്ലോ എന്നും ആ തുക താൻ തിരികെ നൽകുമായിരുന്നല്ലോ എന്നും പിതാവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *