യുവതിയുടെ നഖങ്ങളിൽ കണ്ട വെള്ള വരകൾ കണ്ടെത്തിയ ഡോക്ടർ ഒരു കൊലപാതക പരമ്പരയെ തകർത്തു.

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ലണ്ടനില്‍ നിന്ന് യുവാവ് അയച്ചത് മാരകമായ ആർസെനിക് വിഷം.
ഒടുവില്‍ ഡോക്ടറുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും പൊലിസ് നടത്തിയ അന്വേഷണവും കൂടി ആയപ്പോള്‍ പുറത്തുവന്നത് സിനിമയെ വെല്ലുന്ന ക്രൂരതയുടെ കഥ. മാരകമായ വിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേരെ മരണവക്കിലെത്തിക്കുകയും ചെയ്ത കേസ്. ഹൈദരാബാദില്‍ നടന്ന കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് അജിത് കുമാർ മുപ്പാരപ്പ് (45) എന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

സംശയം തോന്നിച്ചത് ആ ‘വെളുത്ത വരകള്‍’
2023 ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ബാല ശശിരേഖ എന്ന യുവതിയുടെ രോഗലക്ഷണങ്ങളാണ് ഈ വൻ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രം പിന്നിട്ട ശശിരേഖയ്ക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും ശരീരത്തില്‍ നീരും അനുഭവപ്പെട്ടിരുന്നു. പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. താരകനാഥ് യുവതിയുടെ നഖങ്ങളില്‍ അപൂർവ്വമായ വെളുത്ത വരകള്‍ ശ്രദ്ധിച്ചു. ആർസെനിക് വിഷബാധയുടെ ലക്ഷണമായിരുന്നു അത്.

തുടർന്ന് നടത്തിയ പരിശോധനയില്‍ ശശിരേഖയുടെ ശരീരത്തില്‍ സാധാരണയുള്ളതിനേക്കാള്‍ പത്തിരട്ടി വിഷാംശമാണ് ഡോക്ടർ കണ്ടെത്തിയത്. വൈകാതെ കുടുംബത്തിലെ മറ്റുള്ളവരിലും ഇതേ ലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങി.

വിവാഹവീട്ടില്‍ മരണമെത്തിയത് ഉപ്പിലൂടെയും മുളകിലൂടെയും

സിരിഷ എന്ന യുവതിയുടെ മുൻഭർത്താവായിരുന്നു അജിത് കുമാർ. ഗാർഹിക പീഡനത്തെത്തുടർന്ന് സിരിഷ ഇയാളില്‍ നിന്നും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതാണ് അജിത്തിനെ പ്രകോപിപ്പിച്ചത്. സിരിഷയുടെ ഇപ്പോഴുള്ള കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

ഫാർമസിസ്റ്റായ അജിത്, തന്റെ സഹോദരി വഴി സംഘടിപ്പിച്ച ആർസെനിക് വിഷം ഉപ്പിലും മുളകുപൊടിയിലും കലർത്തി പാക്കറ്റുകളിലാക്കി. സിരിഷയുടെ പിതാവ് ഹനുമന്ത റാവുവിന്റെ വീട്ടിലേക്ക് ഒരു ഓണ്‍ലൈൻ ഡെലിവറി ഏജന്റ് വഴി ഇത് എത്തിച്ചു. സംശയം തോന്നാതിരുന്ന കുടുംബം ഈ വിഷം കലർന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച്‌ ആഹാരം പാകം ചെയ്തു കഴിച്ചു.

സംഭവത്തില്‍ സിരിഷയുടെ അമ്മ ഉമ മഹേശ്വരി (62) വിഷബാധയേറ്റ് 2023 ജൂലൈ 5-ന് മരിച്ചു. ഉമ മഹേശ്വരിയുടെ ഭർത്താവ് ഹനുമന്ത റാവു, മകൻ പൂർണേന്ദർ, മരുമകള്‍ ശശിരേഖ എന്നിവർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരേണ്ടി വന്നു.

പരാജയപ്പെട്ട കൊലപാതക ശ്രമങ്ങള്‍

വിഷപ്രയോഗത്തിന് മുൻപും സിരിഷയുടെ കുടുംബത്തെ കൊലപ്പെടുത്താൻ അജിത് പലതവണ ശ്രമിച്ചിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. സിരിഷയുടെ പിതാവിനെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ 4 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

പോസ്റ്റ്മോർട്ടത്തില്‍ പോലും കണ്ടെത്താൻ കഴിയാത്ത Succinylcholine എന്ന മരുന്ന് കുത്തിവെച്ച്‌ കുടുംബത്തെ കൊല്ലാൻ മൂന്ന് വാടകക്കൊലയാളികളെ നിയോഗിച്ചു. എന്നാല്‍ ഈ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് പ്രതി ഭക്ഷണത്തില്‍ വിഷം കലർത്തി കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്താൻ തീരുമാനിച്ചത്.

യുകെയില്‍ നിന്ന് പിടിയിലേക്ക്

സംഭവത്തില്‍ കേസെടുത്ത സൈബരാബാദ് പൊലിസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2025 ജനുവരി 17-ന് ബെർക്ക്ഷെയറിലെ മെയ്ഡൻഹെഡില്‍ വെച്ച്‌ അജിത്തിനെ യുകെ പൊലിസ് അറസ്റ്റ് ചെയ്തു. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അജിത്തിന്റെ സഹോദരി സുരേഖ ഉള്‍പ്പെടെ ഒമ്ബത് പേരെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജീവതത്തിലേക്കുള്ള മടക്കം

മരണത്തെ മുഖാമുഖം കണ്ട ശശിരേഖയും കുടുംബവും പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ശശിരേഖ ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു എന്നത് തകർന്ന കുടുംബത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. എങ്കിലും, വിഷബാധ ഏല്‍പ്പിച്ച ശാരീരിക ആഘാതങ്ങള്‍ ഇപ്പോഴും യുവതിയെ വിട്ടുമാറിയിട്ടില്ല.

ശ്രദ്ധിക്കുക ആർസെനിക് വിഷബാധ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവയവങ്ങളുടെ പരാജയത്തിന് കാരണമാവുകയും ചെയ്യുന്നു. നഖങ്ങളിലെ ‘മീസിന്റെ വരകള്‍’ ഇതിന്റെ പ്രധാന ലക്ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *