പകല്‍ ആക്രിക്കച്ചവടം, വീടുകള്‍ കണ്ടു വെച്ചാല്‍ രാത്രി ലോറിയുമായെത്തി കവര്‍ച്ച
പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. മൂലാട് ഭാഗത്തു നിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പു ഷീറ്റുകൾ മോഷ്ടിച്ചു വെന്ന പരാതിയിലാണ് അറസ്റ്റ്. സാധനങ്ങൾ കടത്താനുപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര എസ്.ഐ.മാരായ സനദ് എൻ. പ്രദീപ്, ശിവപ്രസാദ്, എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ എ.എസ്.ഐ.മാരായ വി.സി. ബിനീഷ്, സി.എം. സുനിൽകുമാർ, സി.പി.ഒ. ടി.കെ. ശോഭിത്ത്, ഡി.വൈ.എസ്.പി. സ്‌ക്വാഡിലെ എസ്.സി.പി.ഒ. കെ.കെ. ജയേഷ്, സി. സിഞ്ജു ദാസ്, ലിതിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പകൽ നിർമാണത്തിലുള്ള വീടുകൾ നിരീക്ഷിക്കുകയും സാധനങ്ങൾ കണ്ടു വെക്കുകയും ചെയ്യും. രാത്രിയിൽ ലോറിയുമായെത്തി ഇവ കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
മോഷണ ശേഷം പോകുന്ന വഴി തിരിച്ചറിയാതിരിക്കാൻ പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമവും പ്രതികൾ നടത്തി. മൂലാടു നിന്ന് ഷീറ്റുകൾ കയറ്റിയ ലോറി നേരിട്ട് കുറ്റ്യാടിയിലേക്ക് പോകാതെ അത്തോളി, പയ്യോളി, വടകര വഴി ചുറ്റിക്കറങ്ങിയാണ് പോയത്. സി.സി.ടി.വി. വഴിയുള്ള അന്വേഷണത്തിൽ നിന്ന് വഴി തെറ്റിക്കാനായിരുന്നു ഈ ശ്രമം. എന്നാൽ, സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽത്തന്നെ പ്രതികളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചു.
പിടികൂടുമെന്ന് തിരിച്ചറിഞ്ഞ ഇരുവരും പിന്നീട് ഒളിവിൽപ്പോവുകയും ചെയ്തു. പിന്നീട് അർഷാദ് ഭാര്യ വീട്ടുകാരുടെ വാടക വീട്ടിലേക്ക് വരുമെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചതോടെ പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.

