ബോംബ് ഭീതി; പാസ്‌പോർട്ട് ഓഫീസിലും പോസ്റ്റ് ഓഫീസിലും പോലീസിന്റെ മിന്നൽ പരിശോധന

മലപ്പുറം: നഗരത്തെ മുൾമുനയിൽ നിർത്തി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബോംബ് ഭീഷണി. മലപ്പുറം മൂന്നാംപടിയിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും കുന്നുമ്മലിലെ ഹെഡ് പോസ്റ്റ് ഓഫീസിലുമാണ്  ബോംബ് ഭീഷണി ഉണ്ടായത്.

പാസ്‌പോർട്ട് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാസ്‌പോർട്ട് ഓഫീസ് അധികൃതർ ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു.

മലപ്പുറം ​ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പോലീസ് സംയുക്തമായി രണ്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി. മൂന്നാംപടിയിലെ ഓഫീസിലും നഗരമധ്യത്തിലെ പോസ്റ്റ് ഓഫീസിലും നടന്ന മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ ഭീതി പരത്തിയ ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *