തിരഞ്ഞെടുപ്പ് ഫലം “ഹിന്ദുത്വത്തിന്റെ വിജയം _ സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ വൻ വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പ് ഫലം “ഹിന്ദുത്വത്തിന്റെ വിജമാണെന്ന്” വിശേഷിപ്പിച്ച അദ്ദേഹം, വോട്ടെടുപ്പിൽ വ്യക്തമായ വർഗീയ ധ്രുവീകരണം നടന്നതായും അവകാശപ്പെട്ടു. പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയുടെ വിവാദ പ്രസ്താവനകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. മുസ്ലീം വോട്ടർമാർ ഒന്നടങ്കം മമത ബാനർജിയെ പിന്തുണച്ചപ്പോൾ, ഹിന്ദുക്കളും മറ്റ് സമുദായങ്ങളും തന്നോടൊപ്പം നിന്നുവെന്നാണ് അധികാരിയുടെ വാദം.
ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ 15,105 വോട്ടുകൾക്ക് മമത ബാനർജിയെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത് മമത ബാനർജിയുടെ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലാണ്. ഹിജാബ് ധരിക്കുന്ന മമതയ്ക്കാണ് മുസ്ലീങ്ങൾ വോട്ട് ചെയ്തത്. എന്നാൽ ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും എന്നെ അനുഗ്രഹിച്ചു,” സുവേന്ദു അധികാരി വിവാദപരാമർശം നടത്തി.
തിരഞ്ഞെടുപ്പ് ഫലത്തെ ‘ഹിന്ദുത്വത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബംഗാളി ഹിന്ദുക്കൾ തനിക്ക് പരസ്യമായി വോട്ട് ചെയ്തെന്നും അവകാശപ്പെട്ടിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് “ഹിന്ദു ഇവിഎം ബിജെപി, മുസ്ലീം ഇവിഎം തൃണമൂൽ” എന്ന് പറയുക വഴി വോട്ടർമാരെ പൂർണ്ണമായും മതത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വേർതിരിച്ചു
വർഷങ്ങളായി ഇസ്‌ലാം വിരുദ്ധമെന്നും വർഗീയമായി ധ്രുവീകരണം നടത്തുന്നവ എന്നും വിശേഷിപ്പിക്കപ്പെടുന്ന നിരവധി പരാമർശങ്ങളുടെ പേരിൽ സുവേന്ദു അധികാരി വിമർശനം നേരിടുന്നുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലീം എംഎൽഎമാരെ നിയമസഭയിൽ നിന്ന് “പുറത്താക്കുമെന്ന്” അദ്ദേഹം മുൻപ് ആഹ്വാനം ചെയ്തിരുന്നു.
2025 ഡിസംബറിൽ ബംഗ്ലാദേശിലെ സംഭവവികാസങ്ങളോട് പ്രതികരിക്കവേ, “ഇസ്രായേൽ ഗാസയെ പഠിപ്പിച്ചതുപോലെ ഇന്ത്യ ബംഗ്ലാദേശിനെ പാഠം പഠിപ്പിക്കണം” എന്ന് അദ്ദേഹം പറഞ്ഞത് വംശഹത്യാപരമായ ആഹ്വാനമാണെന്ന പേരിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

