നിറപുഞ്ചിരിയോടെ തോളിലൊരു തട്ട്; സത്യപ്രതിജ്ഞയ്ക്കു ശേഷം ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി
തിരുവനന്തപുരം: എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സുധാകരനും തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു.
കഴിഞ്ഞ ദിവസമാണ് പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായി ഭരണപക്ഷനിരയിലെ മുതിർന്ന അംഗം ജി. സുധാകരൻ ചുമതലയേറ്റത്. ബുധനാഴ്ച ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. സി.പി.എം മുൻനേതാവായ സുധാകരൻ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ എം.എൽ.എ. കൂടിയായിരുന്നു.
അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച ജി. സുധാകരനു മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ ഒന്നായിരുന്നു.
”പിണറായിയും ഞങ്ങളെപ്പോലൊരു എം.എൽ.എ.യാണ്” – ജി. സുധാകരന്റെ മുന്നിലാണല്ലോ പിണറായി വിജയൻ സത്യപ്രതിജ്ഞചെയ്യേണ്ടതെന്ന ചോദ്യത്തോട് കഴിഞ്ഞ ദിവസം സുധാകരൻ പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുൻപിലില്ല. എം.എൽ.എ.മാരെ സത്യപ്രതിജ്ഞചെയ്യിക്കുകയെന്നതാണ് പ്രോടെം സ്പീക്കറുടെ ജോലി. പിണറായി രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നു. സർക്കാരിൽ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല” -സുധാകരൻ പറഞ്ഞു.
അംഗത്വം പുതുക്കാതെ, സി.പി.എമ്മിൽനിന്ന് വഴിപിരിഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാണ് ജി. സുധാകരൻ വിജയിച്ചത്. പ്രായപരിധിപറഞ്ഞ് നേതാക്കളെ മത്സരരംഗത്തുനിന്ന് മാറ്റരുതെന്ന അഭിപ്രായക്കാരനായിരുന്നു സുധാകരൻ. പിണറായി വിജയന് ബാധകമല്ലാത്ത പ്രായപരിധി തനിക്കെങ്ങനെ ബാധകമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 75 വയസ്സായതിനാൽ കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. അതോടെ ജില്ലാകമ്മിറ്റി ഓഫീസിലെ ബ്രാഞ്ച്കമ്മിറ്റിയംഗം മാത്രമായി. ഒന്നാം പിണറായി സർക്കാരിലെ മികച്ച മന്ത്രിയെന്ന പേരുനേടിയിട്ടും 2021-ൽ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തിയത് സുധാകരനെ അലോസരപ്പെടുത്തിയിരുന്നു.

