മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു
കോഴി ക്കോട് : മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്, യു.എൽ.സി.സി.എസ്.), മിനി (എച്ച്.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യു.കെ.). മരുമക്കൾ: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്‌ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യു.കെ.). സംസ്കാരം പിന്നീട്.
കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തിൽനിന്ന് ചേക്കേറി നഗരപിതാവായ വ്യക്തിയാണ് ടി.പി. ദാസൻ. അരിക്കുളം പഞ്ചായത്തിലെ കാരയാടിൽനിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്. മേപ്പയ്യൂർ സ്കൂളിലെ വിദ്യാർഥിയായിരുന്ന ദാസൻ, ഉൾനാടൻ ഗ്രാമീണ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽനിന്നുള്ള അടിത്തറയോടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.
എസ്.എൽ.സി.ക്കുശേഷം കായികാധ്യാപക ഡിപ്ലോമ നേടി. തുടർന്ന്, തളി ഗവ. യു.പി. സ്കൂൾ അധ്യാപകനായി. രണ്ടുവർഷം മാത്രമേ അധ്യാപകനായി സേവനമനുഷ്ഠിച്ചുള്ളൂ. സർവീസിൽനിന്ന് പുറത്തായശേഷം സി.പി.എം. ജില്ലാകമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1985 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി.
കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ 16 വോട്ടിന് പരാജയപ്പെടുത്തിയാണ് ദാസൻ കോഴിക്കോട് മേയർ സ്ഥാനത്തെത്തിയത്. കോൺഗ്രസ്-എസിലെ തെക്കുവീട്ടിൽ വിജയനാണ് അന്ന് ഡെപ്യൂട്ടി മേയറായത്.

