മദ്യം നൽകി ഭർത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചു മൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയിൽ .
ഫരീദാ ബാദ് :വിവാഹേതര ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍
ഫരീദാബാദിലെ മോജബാദ് ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശ് ഹത്രാസ് സ്വദേശിയായ ശ്യാംവീർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്യാംവീറിന്റെ ഭാര്യ കേശവ്, ഇവരുടെ കാമുകൻ കമാത് എന്നിവരെ ഡി.എല്‍.എഫ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
ശ്യാംവീറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന കമാതും ശ്യാംവീറിന്റെ ഭാര്യ കേശവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് ശ്യാംവീറിന് വിവരം ലഭിച്ചതോടെ വഴക്കുകള്‍ പതിവായിരുന്നു. തുടർന്ന് ശ്യാംവീറിനെ വകവരുത്താൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.
ഓഗസ്റ്റ് 16-ന് വൈകുന്നേരം കമാത് ശ്യാംവീറിന് മദ്യം നല്കി. ശ്യാംവീർ ലഹരിയിലായതോടെ ഇന്റർലോക്കിംഗ് ടൈല്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും ബഹളം പുറത്തറിയാതിരിക്കാൻ ഭാര്യ വീട് പുറത്തുനിന്ന് പൂട്ടിയിരുന്നതായി പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനോട് ചേർന്നുള്ള കുഴിയില്‍ കുഴിച്ചുമൂടുകയും തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഓഗസ്റ്റ് 24-നാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയതായി തിഗാവ് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സംഘം സ്ഥലത്തെത്തി ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. കൊല്ലപ്പെട്ട ശ്യാംവീറിന്റെ സഹോദരൻ രാംബീർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

