യുവതിയുടെയും 5 വയസുതോ ന്നിക്കുന്ന പെണ് കുഞ്ഞിന്റെയും ഉടലുകളും തലകളും പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
പാലക്കാട് :അട്ടപ്പാടി ഭവാനിപ്പുഴയില്‍ യുവതിയുടെയും 5 വയസുതോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹ തുടരുന്നു.
കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാള്‍ കേരളം വിട്ടെന്നുമാണ് വിവരം.
കോട്ടത്തറ ഭാഗത്തെ കടയില്‍നിന്നാണ് പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നും ഇവർ തമ്മില്‍ തർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇവർ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. തോട്ടം തൊഴിലാളിയാണ് പ്രതി. 20 ദിവസം മുൻപാണ് ഇയാളും ഭാര്യയും മകളും അട്ടപ്പാടിയിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ക്രൂരകൃത്യം നടത്താൻ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകള്‍ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കില്‍ കയറ്റി ഉപേക്ഷിച്ചത്.
പുതൂർ ചീരക്കടവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് പരിസരവാസികള്‍ ചാക്കുകെട്ടുകള്‍ കണ്ടത്. പുഴയില്‍ ഒഴുകിയെത്തിയ ചാക്കുകെട്ടുകള്‍ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ഒരു ചാക്കില്‍ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകള്‍ കണ്ടെത്തി. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കില്‍ പെണ്‍കുട്ടിയുടെ ശരീരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കില്‍ യുവതിയുടെ ഉടല് കണ്ടെത്തിയത്.
യുവതിക്ക് 30 വയസ്സും പെണ്‍കുട്ടിക്ക് 5 വയസ്സും തോന്നിക്കുന്നതായി പോലീസ് പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങളിലും അടിവസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

