നെതന്യാഹുവി നെതിരെ പ്രതിഷേധം : ഓസ്കാർ ജേതാവ് സൂസൻ സരാൻഡൻ അടക്കം നൂറിലേറെ പേർ അറസ്റ്റിൽ
ന്യൂയോർക്ക്:ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിക്കുന്നതിന് മുന്നോടിയായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ നിരവധി പേർ അറസ്റ്റിലായി.
ഓസ്കാർ ജേതാവായ സൂസൻ സരാൻഡൻ എമ്മി അവാർഡ് ജേതാവായ ഹന്ന ഐൻബൈൻഡർ, ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഓസെ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 200 പേർ പങ്കെടുത്തു. ‘ബോംബുകൾക്കല്ല, ജനങ്ങൾക്ക് ഫണ്ട് നൽകുക”, “യുദ്ധം വേണ്ട”, “ഫലസ്തീനെ സ്വതന്ത്രമാക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ പതിച്ച ഒരേപോലെയുള്ള വെള്ള ടീ-ഷർട്ടുകൾ ധരിച്ചായിരുന്നു ഇവർ എത്തിയത്.
പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തി ലൗഡ്‌സ്പീക്കറിലൂടെ പിരിഞ്ഞുപോകാൻ പോലീസ് നിർദ്ദേശം നൽകിയതിനെത്തുടർന്ന് ചിലർ നടപ്പാതയിലേക്ക് മാറി. എന്നാൽ നടപ്പാതയിൽത്തന്നെ ഇരുന്ന് ‘നെതന്യാഹു നരകത്തിലേക്ക് പോകൂ’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നവരെ പോലീസ് ഉദ്യോഗസ്ഥർ വളഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് ബസുകളിലേക്ക് മാറ്റുകയും ചെയ്തു.
നമ്മുടെ പേരിൽ, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഗാസയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ തന്നെ സമ്പൂർണ്ണ ഉന്മൂലനത്തിനെതിരെ ശബ്ദമുയർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്; ഈ ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ വേദി ഉപയോഗിക്കാൻ നെതന്യാഹുവിന് യാതൊരു അവകാശവുമില്ല, ഇറാനിയൻ-യഹൂദ പാരമ്പര്യമുള്ള 50-കാരിയായ സർവകലാശാലാ പ്രൊഫസറും പ്രതിഷേധക്കാരിയുമായ മനിജെ മൊറാഡിയൻ പറഞ്ഞു.
ഇസ്രായേലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വർധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിനെ നേരിടാൻ ശ്രമിക്കുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ ഇസ്രായേലിന്റെ നടപടികളെ ന്യായീകരിക്കാനായി നെതന്യാഹു യു.എൻ. പൊതുസഭയിൽ (UNGA) പ്രസംഗിക്കാനെത്തിയത്. ഇതിനിടയിൽ ഡസൻ കണക്കിന് പ്രതിനിധികൾ ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു.

