ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി.ചിത്രം പുറത്ത് വിട്ട് യു.എസ് . പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി:ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് എപ്സ്റ്റീനുമൊത്തുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയിൽ നിന്ന് മറുപടി ആവശ്യപ്പെട്ടത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് താൻ എപ്സ്റ്റീനെ കണ്ടതെന്ന ഹർദീപ് സിംഗ് പുരിയുടെ മുൻ നിലപാടിനെ പ്രതിപക്ഷ നേതാക്കൾ ശക്തമായി വിമർശിച്ചു.യു.എസ് നീതിന്യായ വകുപ്പ് (ഡി.ഒ.ജെ) ആണ് ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്.
എപ്സ്റ്റീനുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ഹർദീപ് സിങ് പുരിയുടെ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ രംഗത്തുവന്നത്. ഇത്തരം ആളുകളെയാണോ മോദിക്ക് ചുറ്റും നിർത്താൻ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ച അവർ, ആർ.എസ്.എസിനും വലതുപക്ഷത്തിനും സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനും കഴിയില്ലെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്നും ചോദിച്ചു. പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കൂടിക്കാഴ്ചയെങ്കിൽ, ഈ ചിത്രങ്ങളിൽ കൂടെയുള്ള മറ്റു പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. ചിത്രങ്ങൾ ഗൗരവമുള്ളതാണെന്നും തന്റെ നിലപാടിൽ മന്ത്രി വ്യക്തത വരുത്തണമെന്നും എൻ.സി.പി വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

