ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ്
വാഷിംഗ്ടടൺ:അയല്‍രാജ്യമായ ക്യൂബയ്ക്കെതിരെ തന്റെ നിലപാടുകള്‍ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ പ്രസ്താവിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പരാമര്‍ശം.
ഓവല്‍ ഓഫീസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ക്യൂബയെ മോചിപ്പിക്കണോ അതോ പിടിച്ചെടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ എനിക്ക് അവിടെ എന്തും ചെയ്യാന്‍ കഴിയും,’ ട്രംപ് പറഞ്ഞു.
വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മൂന്ന് മാസമായി എണ്ണ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ക്യൂബയിലെ വൈദ്യുതി ശൃംഖല പൂര്‍ണ്ണമായും തകര്‍ന്നു. 10 ദശലക്ഷം ആളുകള്‍ നിലവില്‍ ഇരുട്ടിലാണ്.
ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നാണ് ക്യൂബയുടെ നിലപാട്.
മഡുറോയെ പുറത്താക്കുകയും ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രായേലിനൊപ്പം ചേരുകയും ചെയ്ത ശേഷം, തന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് ട്രംപ് സൂചിപ്പിച്ചു. ‘ഞങ്ങള്‍ ക്യൂബയുമായി സംസാരിക്കുന്നുണ്ട്, പക്ഷേ ക്യൂബയ്ക്ക് മുമ്പ് ഇറാന്‍ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കും,’ ട്രംപ് പറഞ്ഞു.
1962-ലെ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം ക്യൂബയെ ആക്രമിക്കില്ലെന്ന സോവിയറ്റ് യൂണിയനുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ പുതിയ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
#Trump #Cuba

