ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; എന്ത് നടപടിയെടുത്തു? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയെടുത്തു എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ട് മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന് കോടതി ചോദിച്ചു. അതേസമയം വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. പരാമര്‍ശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുല്‍ ആണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തിന് എതിരെ ഹര്‍ജി നല്‍കിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ല എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

