ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്
ന്യൂഡൽഹി: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്. ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 91.58 ശതമാനമാണ് പോളിങ്. തമിഴ്‌നാട്ടിൽ 84.56 ശതമാനമാണ് ഒടുവിൽ വന്ന കണക്ക്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ബംഗാളിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായെങ്കിലും ഇരു സംസ്ഥാനങ്ങളിലും ജനങ്ങൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. സമ്മതിദാന അവകാശം വിനിയോഗിച്ച വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അഭിനന്ദിച്ചു.
വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ എജെയുപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ തൃണമൂൽ കോൺഗ്രസ് വിജയമുറപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ ബംഗാളിലെ റെക്കോർഡ് പോളിങ് ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തമിഴ്നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ ഡിഎംകെ, എഐഎഡിഎംകെ-ബിജെപി സഖ്യം, നടൻ വിജയിന്റെ ടിവികെ എന്നിവർ തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ചെന്നൈയിൽ 83.09 ശതമാനവും മധുരയിൽ 80.15 ശതമാനവും കോയമ്പത്തൂരിൽ 84.40 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂരിൽ 85.63 ശതമാനമായിരുന്നു പോളിങ്. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കുന്ന എടപ്പാടി മണ്ഡലത്തിൽ 91.61 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

