പൊന്നാനി കടപ്പുറത്തെ കൊല ; മുഹമ്മദിനെ റിമാണ്ട് ചെയ്തു, മൃതദേഹത്തി നടുത്തേക്ക് കുറുക്കന്മാർ വരുന്നതുകണ്ടപ്പോൾ കുഞ്ഞിനെ കടല്‍ ത്തീരത്ത് കിടത്തി മണല്‍നീക്കി ചെറിയൊരു കുഴിയുണ്ടാക്കി മൃതദേഹം അതിലിട്ട് മൂടി.. കൊലപാതക വിവരം പോലീസ് വെളിപ്പെടുത്തി

മലപ്പുറം: പൊന്നാനി
കടപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിനെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. പൊന്നാനി രായിൻ മരയ്ക്കാർ വീട്ടില്‍ മുഹമ്മദി (24) നെയാണ് റിമാൻഡ് ചെയ്തത്.
പുനർഗേഹം ഭവനസമുച്ചയത്തിലെ ഫാത്തിമ (23) യെയാണ് സംശയത്തെ തുടർന്ന് ഭർത്താവ് മുഹമ്മദ് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഭാര്യയില്‍ അവിഹിതബന്ധം സംശയിച്ചുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഫാത്തിമയെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദിനെ ബുധനാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇൻസ്‌പെക്ടർ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുമായി ബീച്ചില്‍ തെളിവെടുപ്പ് നടത്തി. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി.
തെളിവെടുപ്പിനിടെ പ്രതിക്കുനേരേ ഫാത്തിമയുടെ പിതാവ് അയ്യൂബും നാട്ടുകാരും ആക്രോശിച്ച്‌ രംഗ്തെത്തിയതോടെ പ്രതിയുമായി പോലീസ് പെട്ടെന്ന് മടങ്ങി.
പോലീസ് പറയുന്നത് ഇങ്ങനെ ….
ഫാത്തിമയെ കൊലപ്പെടുത്തിയശേഷം മുക്കാല്‍ മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച്‌ മൃതദേഹത്തിനടുത്തിരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ പുനർഗേഹം ഫ്ലാറ്റിലേക്ക് പോകാനൊരുങ്ങി. അപ്പോഴാണ് മൃതദേഹത്തിനടുത്തേക്ക് കുറുക്കന്മാർ വരുന്നതുകണ്ടത്. ഇതോടെ കുഞ്ഞിനെ കടല്‍ത്തീരത്ത് കിടത്തി മണല്‍നീക്കി ചെറിയൊരു കുഴിയുണ്ടാക്കി മൃതദേഹം അതിലിട്ട് മൂടി തൊട്ടടുത്തുകിടന്നിരുന്ന പായ മുകളില്‍ വിരിച്ചു.
പിന്നാലെ പുലർച്ചെ മൂന്നോടെ മുഹമ്മദ് ഫ്ലാറ്റിലെത്തി കുഞ്ഞിനെ മാതാവിനെ ഏല്പിച്ചു. ഫാത്തിമ എവിടെയെന്ന് മാതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വിട്ടിലേക്ക് പോയെന്ന് കള്ളംപറഞ്ഞു. ഫാത്തിമയുടെയും മുഹമ്മദിന്റെയും പ്രണയവിവാഹമായിരുന്നു. സംശയത്തിന്റെ പേരില്‍ ഇരുവരും അകന്നാണ് താമസിച്ചിരുന്നത്. രണ്ടാഴ്ച മുൻപ് മുഹമ്മദ് ഫാത്തിമയെ മർദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഫാത്തിമ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ താത്കാലികമായി പറഞ്ഞുതീർത്തശേഷം ഫാത്തിമ അവളുടെ വീട്ടിലേക്കാണ് പോയത്. ഇടയ്ക്ക് ഫാത്തിമയുടെ ഫ്‌ലാറ്റിലെത്തി അവളെ വിളിച്ചിറക്കി ഇരുവരും ബൈക്കില്‍ കറങ്ങാറുണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രിയും ഇതുപോലെ വിളിച്ചിറക്കിക്കൊണ്ടുവന്നതാണ്. കടപ്പുറത്തുവെച്ച്‌ ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്നാണ് ഷാള്‍ കഴുത്തില്‍ കുരുക്കി മുഹമ്മദ് ഫാത്തിമയെ കൊലപ്പെടുത്തിയത്. പിന്നാലെ കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചശേഷം ബൈക്കില്‍ സഞ്ചരിച്ച്‌ ഒരു പള്ളിയിലെത്തി നിസ്‌കരിച്ചു. അവിടെ നിന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. മൊബൈല്‍ നമ്പർ ലൊക്കേഷൻ നോക്കി എവിടെയുണ്ടെന്ന് മനസിലാക്കിയ പോലീസ് മുഹമ്മദിനെ പിന്തുടർന്നിരുന്നു. ഡിവൈഎസ്പി എ.എം. സിദ്ദീഖ്, മുഹമ്മദുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് പറഞ്ഞത്. കുഞ്ഞിനെ ഓർത്ത് അബദ്ധമൊന്നും കാണിക്കരുതെന്നുപറഞ്ഞ് ഡിവൈഎസ്പി മുഹമ്മദിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഈസമയം പോലീസെത്തി മുഹമ്മദിനെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *