ഇറാൻ പുറത്തെടുക്കുന്ന വജ്രായുധം ‘ചാവേർ ഡോൾഫിനുകൾ ‘ ?

ടെഹ്‌റാൻ :പശ്ചിമേഷ്യൻ കടൽപ്രദേശത്ത് അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം മറികടക്കാൻ അസാധാരണമായ യുദ്ധതന്ത്രവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിൽ തമ്പടിച്ചിരിക്കുന്ന യുഎസ് പടക്കപ്പലുകളെയും  ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ഒരു ‘രഹസ്യ ആയുധം’ തങ്ങൾ ഉടൻ പുറത്തെടുക്കുമെന്ന് ഇറാൻ നാവികസേന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാധുനിക എഐ (AI) സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഈ സമുദ്രജീവികളെ യുദ്ധരംഗത്തിറക്കാനുള്ള നീക്കം പുറത്തുവരുന്നത്.

അമേരിക്കൻ ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി പൂർണ്ണമായും സ്തംഭിച്ച സാഹചര്യത്തിലാണ് ഏത് വിധേനയും തിരിച്ചടിക്കാൻ ഇറാൻ തീരുമാനിച്ചത്. പരമ്പരാഗത മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ, റഡാറുകളുടെ കണ്ണിൽപ്പെടാതെ ആക്രമണം നടത്താൻ കഴിയുന്ന സമുദ്രജീവികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്. 2000-ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് പിന്നാലെ, റഷ്യൻ നാവികസേനയുടെ പക്കൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡോൾഫിനുകളെ ഇറാൻ സ്വന്തമാക്കിയിരുന്നു. സെവാസ്റ്റോപോളിലെ പസഫിക് നാവിക താവളത്തിൽ പരിശീലനം ലഭിച്ച ഈ ഡോൾഫിനുകൾക്ക് ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെ അവയുടെ പ്രൊപ്പല്ലർ ശബ്ദത്തിൽ നിന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. ഈ ഡോൾഫിനുകളുടെ ശരീരത്തിൽ അതിമാരകമായ മൈനുകളും സ്ഫോടകവസ്തുക്കളും ഘടിപ്പിച്ചാണ് ആക്രമണത്തിന് സജ്ജമാക്കുന്നത്. കടലിനടിയിലൂടെ അതീവ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് പടക്കപ്പലുകളുടെ അടിഭാഗത്ത് ചെന്ന് പൊട്ടിത്തെറിക്കാൻ സാധിക്കും.

തങ്ങളുടെ എണ്ണക്കയറ്റുമതി തടഞ്ഞുകൊണ്ടുള്ള അമേരിക്കൻ നീക്കം ഒരു യുദ്ധത്തിന് തുല്യമാണെന്നാണ് ഇറാന്റെ നിലപാട്. ഇതിനെ മറികടക്കാൻ ഇതുവരെ ലോകം പരീക്ഷിക്കാത്ത നിഗൂഢമായ ആയുധശേഖരം ഇറാൻ പുറത്തെടുക്കുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ നീക്കങ്ങൾ അമേരിക്കൻ നിരീക്ഷണത്തിലാണെങ്കിലും, കടലിനടിയിലുള്ള ഇത്തരം ‘ജൈവ ആയുധങ്ങളെ’ പ്രതിരോധിക്കുക എന്നത് അമേരിക്കൻ നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാകും. ഇറാന്റെ ഈ പുതിയ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ പടർത്തുകയാണ്.

#iran #america #worldnews #latestnews

Leave a Reply

Your email address will not be published. Required fields are marked *