വന്ദേ മാതരം നിർബന്ധമാക്കി നിയമം നടപ്പിലക്കുന്നു
ന്യൂഡൽഹി:ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് നൽകുന്ന അതേ പരിഗണനയും സംരക്ഷണവും ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കുന്നതിനായി 1971-ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ (Prevention of Insults to National Honour Act) ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ ഗാനത്തെ മനഃപൂർവ്വം അപമാനിക്കുന്നതോ ഇനി മുതൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും.നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയ്ക്കുള്ള സംരക്ഷണമാണ് ഇനി മുതൽ വന്ദേമാതരത്തിനും ലഭിക്കുക. വന്ദേമാതരത്തിലെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മുൻപ് ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നത്.ബി.ജെ.പി ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ, ഗാനത്തിലെ മതപരമായ ബിംബകൽപ്പനകൾ ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകളും വിമർശകരും ഇതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനെ നിർബന്ധിതമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

