നാല് ജില്ലകളിലെ വൈദ്യുതി മുടക്കം: നിയന്ത്രണം പീക്ക് ലോഡ് സമയങ്ങളിൽ; പവർ ഗ്രിഡിൽനിന്ന് വൈദ്യുതിയെത്തും …
കോഴിക്കോട് ∙ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വൈകിട്ട് ആറിനും രാത്രി 11നും ഇടയിലാകും ഭാഗിക വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുകയെന്ന് കെഎസ്ഇബി വൃത്തങ്ങൾ. ഇന്നു മുതൽ ഏഴുദിവസത്തേക്കാണ് നിയന്ത്രണം. പവർഗ്രിഡ് കോർപറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ വന്ന തകരാർ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഭാഗിക നിയന്ത്രണം.
ഈ മേഖലയിൽ അധിക വൈദ്യുതി ആവശ്യം നേരിടുന്ന പീക്ക് ലോഡ് സമയമായ വൈകിട്ട് ആറിനും രാത്രി 11 നും ഇടയിൽ ആകും ഭാഗിക നിയന്ത്രണം നടപ്പാക്കുകയെന്ന് കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തകരാർ പരിഹരിക്കാൻ ഏഴു ദിവസം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ
തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്താണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഈ മേഖലയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു

