ബന്ധുവീട്ടിൽ പത്ത് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പത്ത് വയസ്സുകാരനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. കുട്ടിയെ അമ്മയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആകതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാടും കുടുംബവും ഒന്നടങ്കം നടുക്കത്തിലാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടുന്നത് ജീവിതം തിരികെപിടിക്കാൻ സഹായിക്കും. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടാനും സൗജന്യ കൗൺസിലിംഗിനുമായി സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറുകളായ 1056 അല്ലെങ്കിൽ 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

