ഹയർ സെക്കണ്ടറി വൊക്കേഷണൽ ട്രയൽ അലോട്ട്‌മെന്റ് നാളെ; ഓപ്ഷനുകൾ തിരുത്താൻ ജൂൺ 10 വരെ സമയം
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നാളെ (ജൂൺ 8) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് നാളെ ലഭ്യമാകുക.
അപേക്ഷകർക്ക് admission.vhseportal.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ലോഗിൻ പേജിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കാം.
അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത് അപേക്ഷ പൂർത്തിയാക്കാനും കൺഫർമേഷൻ നടത്താനും അവസരമുണ്ട്.
ഓപ്ഷനുകൾ മാറ്റുന്നതുൾപ്പെടെ അപേക്ഷകളിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ വരുത്തേണ്ടവർക്ക് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താം. ജൂൺ 10-ന് വൈകുന്നേരം 5 മണി വരെയാണ് തിരുത്തലുകൾ വരുത്തുന്നതിനായി സമയം അനുവദിച്ചിട്ടുള്ളത്.
അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ട്രയൽ അലോട്ട്‌മെന്റ് ഫലം പരിശോധിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സംശയ നിവാരണത്തിനും സഹായങ്ങൾക്കുമായി എല്ലാ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലും ഹെൽപ്‌ഡെസ്‌ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അത് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താമെന്നും അധികൃതർ.

