ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിൽ
തിരുവനന്തപുരം:ജനസംഖ്യയിൽ വളരെ കൂടുതൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയി
ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ സാധ്യത. ഇതേക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അതിന്റെ സൂചനയാണ്. 1984 ൽ കാസർകോട് ആണ് കേരളത്തിൽ അവസാനമായി രൂപീകരിക്കപ്പെട്ട ജില്ല. 12 വർഷം മുൻപാണ് അവസാനമായി പുതിയ താലൂക്കുകൾ രൂപീകരിച്ചത്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തു വന്ന ശേഷം ജനസംഖ്യാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും പുതിയ ജില്ലാ രൂപീകരണം സംബന്ധിച്ചു സർക്കാർ തീരുമാനമെടുക്കുക.
ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി 40 വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രഖ്യാപിച്ച മൂവാറ്റുപുഴ ജില്ല, മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നുള്ള തിരൂർ ജില്ല, മറ്റു ഭാഗങ്ങൾ ചേർത്ത് മഞ്ചേരി ആസ്ഥാനമായ ജില്ല, പാലക്കാട് വിഭജിച്ച് ഷൊർണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ചേർന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകൾക്കായുള്ള നിവേദനങ്ങൾ പല കാലത്തായി സർക്കാരിനു മുന്നിലെത്തിയിട്ടുണ്ട്. ഇതിനു പുറമേ പുതിയതായി താലൂക്കുകൾ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

