AI girlfriend

നാഗ്പൂരിലുള്ള വിദ്യാർഥിക്ക് പരീക്ഷ സെൻ്റർ ദുബൈൽ. എൻട്രൻസ് പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നാഗ്പൂരിലുള്ള വിദ്യാർഥിക്ക് പരീക്ഷ സെൻ്റർ ദുബൈൽ. എൻട്രൻസ് പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ക്കെതിരെ രൂക്ഷ വിമർശനവുമായി  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ നല്‍കിയ എന്‍.ടി.എയുടെ നടപടിയിലാണ് രാഹുലിന്റെ വിമര്‍ശനം.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ അുവദിച്ചതിലുള്ള പരാതി ലഭിച്ചതായി എന്‍.ടി.എ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.ടി.എ ഒരു എക്‌സ് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്.

പരിശോധനാ നടപടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിക്ക് നാഗ്പൂരില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കാം എന്നും എന്‍.ടി.എയുടെ ട്വീറ്റില്‍ പറയുന്നു. ഏതാനും മണിക്കൂറിനുള്ളില്‍ നാഗ്പൂരില്‍ പരീക്ഷാ സെന്റര്‍ ലഭിക്കുമെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു.

എന്‍.ടി.എ വിദ്യാര്‍ത്ഥികളുടെ ക്ഷമയെയാണ് പരീക്ഷിക്കുന്നതെന്നും കുട്ടികളുടെ ഭാവി വച്ച് കളിക്കുന്നത് എന്‍.ടി.എ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കാതെ വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കാന്‍ നിര്‍ബന്ധിക്കുന്ന പരീക്ഷാ സംവിധാനത്തിന് ഇവിടെ പരീക്ഷ നടത്താന്‍ അവകാശമില്ലെന്നും രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘നാഗ്പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി ഒരു മാസത്തോളമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് അവന്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തത്, പരീക്ഷക്ക് ഒരു ദിവസം മുമ്പ്. അപ്പോഴാണ് പരീക്ഷാ സെന്റര്‍ അബുദാബിയിലാണെന്ന് മനസ്സിലായത്.

അവന് പാസ്‌പോര്‍ട്ടില്ല. അവന്റെ കുടുംബത്തിന് അവനെ വിദേശത്തേക്ക് അയക്കാന്‍ പണമില്ല. അവന് ഇപ്പോള്‍ അവിടേക്ക് പോകാന്‍ സമയവുമില്ല.

കഴിഞ്ഞ രാത്രി മുഴുവന്‍ അവന്‍ തേങ്ങിക്കരയുകയായിരുന്നു. ഇപ്പോള്‍ അവന്‍ പരീക്ഷ എഴുതാന്‍ വിസമ്മതിക്കുന്നു. അവന്‍ എത്രത്തോളം സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ,’ രാഹുല്‍ ചോദിച്ചു.

എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? സ്വന്തം പരീക്ഷാ സെന്ററിലേക്ക് എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ ഒരു വിദ്യാര്‍ത്ഥിക്കും വരരുത്. ശരിക്കും എന്‍.ടി.എ പരിശോധിക്കുന്നത് ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടയും ക്ഷമയെയാണെന്നും രാഹുല്‍ പറഞ്ഞു.

‘ഒരു കുട്ടിക്ക് അവരുടെ സ്വന്തം നാട്ടില്‍ പരീക്ഷാ സെന്റര്‍ നല്‍കാത്ത വിദേശത്തേക്ക് അയക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ. അത്തരമൊരു സംവിധാനത്തിന് ഇവിടെ പരീക്ഷ നടത്താന്‍ ഒരു അവകാശവുമില്ല.

നമ്മുടെ കുട്ടികളുടെ ഭാവി വച്ച് കളിക്കുന്നത് നിര്‍ത്തൂ. പ്രയാസങ്ങളെ മനസ്സിലാക്കുന്നതും, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനം അവര്‍ അര്‍ഹിക്കുന്നു. അവര്‍ക്ക് അത് കിട്ടുമെന്ന് നമ്മള്‍ ഉറപ്പാക്കും,’ രാഹുല്‍ കുറിച്ചു.

നാളെയാണ് (ജൂണ്‍ 21) നീറ്റ് പുനപരീക്ഷ. മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂണ്‍ 21-ന് കനത്ത സുരക്ഷയോടെ പുനഃപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്.ഇത് വലിയ വിവാദങ്ങള്‍ക്കും നിരവധി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *