AI girlfriend

ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക്. 18 പേരെ കാണാനില്ല

ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക്

18 പേരെ കാണതായിട്ടുണ്ട്. റാസ് ലഫാനിലുള്ള ബര്‍സാന്‍ എല്‍എന്‍ജി പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിക്ക് കാരണം സാങ്കേതിക പ്രശ്‌നമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിഷവാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

റാസ് ലഫാനിലുള്ള വ്യാവസായിക പ്രദേശത്തുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജ വിപണയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ നാച്ചുറല്‍ ഗ്യാസ് നിര്‍മാതാക്കള്‍ ഖത്തറാണ്. ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ ഗതാഗതം തടസം നേരിട്ട സാഹചര്യത്തില്‍ ഖത്തര്‍ നാച്ചുറല്‍ ഗ്യാസ് ഉത്പാദനം നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങള്‍ യുഎസ് ഇറാന്‍ ചര്‍ച്ച ആരംഭിക്കുകയും ഹോര്‍മൂസ് തുറക്കുകയും ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയായിരുന്നു.

ഞായറാഴ്ച രാത്രി ജീവനക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേയാണ് സ്‌ഫോടനം ഉണ്ടായത്. ജോലികള്‍ നടക്കുന്നതിനിടെ ഉണ്ടായ സ്പാര്‍ക്കാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് ഖത്തര്‍ ഊര്‍ജ വിഭാഗം അറിയിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ ഇവിടെ വിന്യസിച്ചിരുന്നു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

പ്ലാന്റിലെ സ്‌ഫോടന ശബ്ദം തലസ്ഥാനായ ദോഹവരെ കേട്ടുവെന്നാണ് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ബര്‍സാന്‍ ഗ്യാസ് പ്ലാന്റ് പ്രതിദിനം 1.4ബില്യണ്‍ ക്യുബിക്ക് ഫീറ്റ് ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ട്. പ്രാദേശിക വ്യവസായങ്ങള്‍ക്കം വൈദ്യുതി നിര്‍മാണ മേഖലയ്ക്കും പൈപ്പ്‌ലൈന്‍ ഗ്യാസ് സപ്ലൈയും നടത്തുന്നത് ഈ പ്ലാന്റ് വഴിയാണ്. മാത്രമല്ല ഇവിടെ ഈതെയിന്‍, കണ്ടന്‍സേറ്റ്, എല്‍പിജി, സള്‍ഫര്‍ എന്നിവയും ആഭ്യന്തര – കയറ്റുമതി വിപണികള്‍ക്കായി ഉത്പാദിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *