ടെലഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ടെലഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്. എത്രയും വേഗം പേര് പുനസ്ഥാപിക്കണമെന്നും അദ്ദേഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും എസ്ഐആർ മൂലം ദശലക്ഷക്കണക്കിന് പേർ അനുഭവിക്കുന്ന ദുരിതത്തെയാണ് രാജഗോപാലിന്റെ ദുരവസ്ഥ എടുത്തുകാണിക്കുന്നതെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ് താനെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദി ടെലഗ്രാഫി’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ
നേരത്തെ വെളിപ്പെടുത്തിയിരുന്നു വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ നടപടികൾ പ്രതിസന്ധിയിലായി.
2002-ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്. ഗാന്ധിയനും മുൻ പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016-ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും ആർ. രാജഗോപാൽ ചോദിക്കുന്നു. ‘യുക്തിസഹമായ അപാകതകൾ’ (Logical Discrepancies) എന്ന കാരണക്കാട്ടി ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് താനെന്നും, തന്റെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അധികൃതർ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള ട്രൈബ്യൂണലിൽ ഇതിനെതിരെയുള്ള അപ്പീൽ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനും സാധിച്ചിരുന്നില്ല.
2026 മാർച്ചിലാണ് കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് രാജഗോപാലിന്‍റെ പേര് നീക്കം ചെയ്തത്. എസ്ഐആർ സമയത്ത് 2002ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്‍റേയോ അന്തരിച്ച പിതാവിന്‍റെയോ പേര് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് പേര് വെട്ടിക്കളഞ്ഞത്.
ആർ. രാജഗോപാലിന് നേരിട്ട ഈ ദുരനുഭവത്തിനെതിരെ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മുൻ എഡിറ്റർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരായ ജനങ്ങൾ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ് ചോദിച്ചു. വോട്ടവകാശം നിഷേധിക്കുന്നതും പാസ്‌പോർട്ട് തടയുന്നതും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മാധ്യമങ്ങൾ ഇത്തരം വാർത്തകൾ മറച്ചുവെക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പാസ്‌പോർട്ട് വെരിഫിക്കേഷനായി വോട്ടർപട്ടിക പരിശോധിക്കുന്നത് എന്തിനാണെന്നും ഇതുമൂലം എത്രപേരുടെ പാസ്‌പോർട്ടുകൾ തടസ്സപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ചോദിച്ചു. ആദ്യം വോട്ടവകാശവും ഇപ്പോൾ യാത്രാ സ്വാതന്ത്ര്യവുമാണ് തട്ടിയെടുക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം വോട്ടർമാർ ഇങ്ങനെ അന്യവൽക്കരിക്കപ്പെടുകയാണെന്നും അധികാരികളെ ചോദ്യം ചെയ്യുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്നും മാധ്യമപ്രവർത്തക ഗീത ശേഷുവും വിമർശിച്ചു.

