എല്ലാ സഹായവും ചെയ്തു, വാടകവീടും ശരിയാക്കി, എന്നിട്ടും അവര്‍ ഇങ്ങനെ ചെയ്തല്ലോ’; നാലംഗ കുടുംബത്തിൻ്റെ ആത്മഹത്യയുടെ ഞെട്ടലില്‍ കോതമംഗലം പൊലീസ്
കൊച്ചി: പിറവത്ത് കൂട്ട ആത്മഹത്യചെയ്ത നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടും വിഫലമായതിന്റെ വേദനയിലാണ് കോതമംഗലം പൊലീസ്. കുടുംബത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ കോതമംഗലം സ്‌റ്റേഷനിലെ പൊലീസുകാര്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. താത്കാലികമായി താമസിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയിരുന്നു. വാടകവീട് ശരിയാക്കുകയും ചെയ്തു. പിന്നാലെയാണ് കുടുംബത്തിന്റെ ആത്മഹത്യാ വിവരം എത്തിയത്.
ചെറുവട്ടൂരിലെ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു കുടുംബം നേരത്തെ താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടിവന്നപ്പോള്‍ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കുഞ്ഞുങ്ങളുമായി പോകാന്‍ മറ്റൊരിടം ഇല്ലാതായതോടെയാണ് പൊലീസിനെ സഹായത്തിനായി സമീപിച്ചത്.
കുടുംബത്തിന് താമസിക്കാനായി ആദ്യം നെല്ലിക്കുഴിയിലെ ഒരു ലോഡ്ജില്‍ താത്കാലിക താമസസ്ഥലം ഒരുക്കിനല്‍കിയിരുന്നുവെന്ന് കോതമംഗലം എസ്എച്ച്ഒ കെ.ആര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. പിന്നീട് മറ്റൊരു വാടകവീടും ഇവര്‍ക്കായി കണ്ടെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെടാന്‍ ഫോണ്‍ വാങ്ങിനല്‍കാനും പൊലീസ് ആലോചിച്ചിരുന്നു. കുടുംബത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വ്യാഴാഴ്ച പൊലീസുകാര്‍ ലോഡ്ജില്‍ എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്
തുടര്‍ന്നാണ് കുടുംബത്തെ കണ്ടെത്താന്‍ വ്യാപക അന്വേഷണം ആരംഭിച്ചത്. പിറവത്തു നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇവിടം കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവില്‍ മൂവാറ്റുപുഴയാറിലെ വിവിധയിടങ്ങളില്‍ നിന്നായി നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബിജിമോളുടെയും മകന്റെയും മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. പിന്നാലെ നാരായണന്റെ മൃതദേഹവും കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മകളുടെ മൃതദേഹം ലഭിച്ചത്.

