പാലത്തായി കേസ്: വിചാരണ ക്കോടതിയുടെ ശിക്ഷാ വിധിയിൽ തെറ്റ്, കുട്ടിയുടെ മൊഴിയിൽ വൈരുധ്യ മെന്നും ഹൈക്കോടതി
കൊച്ചി:പാലത്തായി പോക്‌സോ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ഹൈക്കോടതി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് പാലത്തായി കേസിലെ പ്രതിയായ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു
പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളികൊണ്ടാണെന്ന് സിപിഎം ആരോപിച്ചു. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ കേസിനെ ലാഘവത്തോടെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായി ഇടപെട്ടതുകൊണ്ടാണ് പത്മരാജന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. യുഡിഎഫ് സർക്കാർ ആർഎസ്എസുമായി ഒത്തുകളിച്ച് പത്മരാജന് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു.
കണ്ണൂർ ജില്ലയിലെ പാനൂർ പാലത്തായിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ കെ.പത്മരാജൻ പീഡിപ്പിച്ച കേസാണ് പാലത്തായി കേസ്. 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി.
2020 മാർച്ച് 17-ന് ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 15-ന് പ്രതി പിടിയിലായി. തുടക്കത്തിൽ അന്വേഷണസംഘം പോക്‌സോ വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതും പ്രതിക്ക് ജാമ്യം ലഭിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും പോക്‌സോ വകുപ്പുകൾ ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

