AI girlfriend

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത

കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്ന. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി. ഇന്ന് പുലർച്ചെ 4:00 മണിക്കും 4:30 നും ഇടയിലാണ് കാറുടമയായ സുധാകരൻ മരിച്ചത്. കാർ ഒരു മതിലിൽ ഇടിക്കുകയും ആ ആഘാതത്തിൽ തീപിടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. പൂർണമായും കത്തിനശിച്ച വാഹനത്തിനുള്ളിൽ വെന്തുമരിച്ച നിലയിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനം മതിലിലിടിച്ച് തീപിടിച്ചതാകാനുള്ള സാധ്യത വിരളമാണെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. അപകടം നടന്ന വാഹനത്തിന് സമീപത്ത് നിന്ന് അഞ്ച് ലിറ്റർ കൊള്ളുന്ന ഒരു പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. ഈ കന്നാസിൽ ഇന്ധനം ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അപകടമരണത്തിനപ്പുറം ഇതൊരു ആത്മഹത്യയോ അതോ കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ്. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വാഹനത്തിനുള്ളിൽ തന്നെയുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *