AI girlfriend

ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150ലധികം പേരെ ദാരുണമായി കൊലപ്പെടുത്തിയ അമേരിക്കക്ക് എ. ഐ പിഴവെന്ന് വെളിപ്പെടുത്തൽ

വാഷിങ്ടൻ / ടെഹ്റാൻ : ഈ നൂറ്റാണ്ടിലെ അമേരിക്ക നടത്തിയ  ഏറ്റവും വലിയ യുദ്ധ കുറ്റങ്ങളിൽ ഒന്നായ ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150ലധികം പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവ കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ കടുത്ത പിഴവെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിനു നേരെ അമേരിക്ക തൊടുത്ത രണ്ട് ടോമാഹോക്ക് മിസൈലുകൾ പതിച്ചാണ് 150ലേറെ പേർ കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് ആയിരുന്നു ലോകത്തെ നടുക്കിയ ദുരന്തം.

“കുട്ടികളുടെ മരണസംഖ്യ കണക്കിലെടുത്താൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കൻ സൈന്യത്തിനുണ്ടായ ഏറ്റവും മാരകമായ ലക്ഷ്യനിർണയ പിഴവാണിത്. ആക്രമണം യുദ്ധക്കുറ്റത്തിനു തുല്യമാണെന്ന് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കിയെങ്കിലും ഡോണൾഡ് ട്രംപ് ഭരണകൂടം ഇതിന്റെ ഉത്തരവാദിത്തം ഇതുവരെ പരസ്യമായി ഏറ്റെടുത്തിട്ടില്ല.

“ഇറാനെതിരെ അതിവേഗം കടുത്ത വ്യോമാക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടതോടെ ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പിക്കുന്നതിനുള്ള സമയപരിധി സൈന്യത്തിനു ചുരുക്കേണ്ടി വന്നു. യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. മിനാബിലെ സ്കൂൾ കെട്ടിടം വർഷങ്ങൾക്ക് മുൻപ് ഐആർജിസി നാവിക താവളത്തിന്റെ ഭാഗമായിരുന്നതിനാൽ, യുഎസ് സൈന്യത്തിന്റെ പ്രധാന ഡാറ്റാബേസിൽ ഇത് ഭീകരവാദ കേന്ദ്രമായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഇത് സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും മതിൽ കെട്ടി വേർതിരിച്ച സ്കൂൾ മുറ്റത്ത് കുട്ടികളുടെ കളിസ്ഥലങ്ങൾ ഉണ്ടായിരുന്നുവെന്നും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു.

2019ൽ ചില യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ മാറ്റം രേഖപ്പെടുത്തിയെങ്കിലും, അത് സൈന്യത്തിന്റെ പ്രധാന ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരുന്നില്ല. ലക്ഷ്യസ്ഥാനങ്ങൾ നിർണയിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് ആശ്രയിച്ചത് പാലാന്റിർ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത മാവൻ സ്മാർട്ട് സിസ്റ്റം എന്ന എഐ സോഫ്റ്റ്‌വെയറിനെയായിരുന്നു. മുൻപ് മണിക്കൂറുകൾ എടുത്തിരുന്ന പരിശോധനകൾ മിനിറ്റുകൾക്കുള്ളിൽ ചെയ്യാൻ ഈ എഐ സഹായിച്ചെങ്കിലും, ഡാറ്റയിലെ പഴക്കമോ വൈരുധ്യങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഡാറ്റയുടെ ഗുണനിലവാരത്തിന്റെ പൂർണ ഉത്തരവാദിത്തം ട്രംപ് ഭരണകൂടത്തിനാണെന്നാണ് പാലാന്റിർ അധികൃതർ വ്യക്തമാക്കുന്നത്.

വ്യോമാക്രമണത്തിനു മുൻപ് കൃത്യമായ പരിശോധനകൾ നടന്നിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നു. എന്നാൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പെന്റഗണിലെ സിവിൽ ഹാം മിറ്റിഗേഷൻ ടീമിലെ ജീവനക്കാരുടെ എണ്ണം 90 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. സെൻട്രൽ കമാൻഡിൽ പത്തുപേരുണ്ടായിരുന്ന വിദഗ്ധരുടെ എണ്ണം ഒന്നു മാത്രമായി ചുരുക്കപ്പെട്ടു. ഇതിനാൽ മിനാബിലെ സൈറ്റ് ആക്രമിക്കുന്നതിന് മുൻപ് ഒരു വിദഗ്ധൻ പോലും ഇക്കാര്യം പരിശോധിച്ചിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *