നെതന്യാഹു യു.എ ഇ യിൽ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി. നീക്കം രഹസ്യമായി
അബുദാബി :ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിലെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച രഹസ്യമായാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. നെതന്യാഹുവിന്റെ ഓഫീസോ യുഎഇ വിദേശകാര്യ മന്ത്രാലയമോ ഇതേക്കുറിച്ച് ഉടൻ പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് മുമ്പ് ഷെയ്ഖ് മുഹമ്മദ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്ന ഹാരെറ്റ്സ് റിപ്പോർട്ട് വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് പുതിയ കൂടിക്കാഴ്ച. ആക്രമണത്തിന് ഏകദേശം ഒന്നര ആഴ്ച മുമ്പ് ഹമാസ് വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഷെയ്ഖ് മുഹമ്മദ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ഈ മുന്നറിയിപ്പ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളിലേക്കോ സൈനിക നേതൃത്വത്തിലേക്കോ കൈമാറപ്പെട്ടില്ലെന്നാണ് റിപ്പോർട്ടിലെ ആരോപണം. അതേസമയം, ഹാരെറ്റ്സിന്റെ റിപ്പോർട്ട് നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകളെ തുടർന്ന് യുഎഇയും ഇസ്രയേലും തമ്മിലുള്ള ഉന്നതതല ബന്ധങ്ങളും കൂടിക്കാഴ്ചകളും ശ്രദ്ധ നേടിയിരുന്നു
2020ൽ അബ്രഹാം കരാറിന്റെ ഭാഗമായി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം അബുദാബിയും ഇസ്രയേലും തമ്മിൽ തുറന്നതും നേരിട്ടുള്ളതുമായ ആശയവിനിമയ മാർഗങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സുരക്ഷാ വിഷയങ്ങൾ രാജ്യങ്ങൾ തമ്മിൽ ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെയാണ് ചർച്ച ചെയ്യുന്നതെന്നും ദേശീയ നേതാക്കളുടെ തലത്തിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും യുഎഇ വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
നെതന്യാഹുവും ഷെയ്ഖ് മുഹമ്മദും മുമ്പും യുഎഇയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 2026 മെയിൽ നെതന്യാഹുവിന്റെ ഓഫീസ് അദ്ദേഹം യുഎഇ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദിനെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ അന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഷെയ്ഖ് മുഹമ്മദ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയെന്ന അവകാശവാദം
നിഷേധിച്ചിരുന്നു
പിന്നീട് ഇരു നേതാക്കളും മാർച്ച് 26ന് അബുദാബിയിലെ അൽ ഐനിൽ കൂടിക്കാഴ്ച നടത്തിയതായി വിഷയവുമായി ബന്ധപ്പെട്ട ഒരു വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇപ്പോഴത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയും അമേരിക്കയും ഇസ്രയേലുമായുള്ള ബന്ധം കൂടുതൽ പ്രാധാന്യമാർജിച്ചിരിക്കുകയാണ്. 2020ലെ അബ്രഹാം കരാറിലൂടെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യുഎഇയ്ക്ക് മേഖലയിൽ ആശയവിനിമയത്തിനും നയതന്ത്ര ഇടപെടലുകൾക്കും ഈ ബന്ധം ഒരു പ്രധാന മാർഗമായി തന്നെ

