ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മുഹമ്മദ് അമീൻ
കോഴിക്കോട്: ഒക്ടോബർ 26 മുതൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി താരം മുഹമ്മദ് അമീൻ എൻ.കെ. മത്സരിക്കും. 80 കിലോഗ്രാം യൂത്ത് വിഭാഗത്തിലാണ് അമീൻ മാറ്റുരയ്ക്കുന്നത്.
കേരള സ്റ്റേറ്റ് പഞ്ചഗുസ്തി ചാമ്പ്യനും ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും അമീൻ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന-ദേശീയ തലങ്ങളിലെ മികച്ച പ്രകടനങ്ങളുടെ കരുത്തുമായാണ് താരം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങുന്നത്.
റഫീഖ്–സുഹറ ദമ്പതികളുടെ മകനായ അമീൻ നിലവിൽ ഗുരുവായൂരപ്പൻ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം കായികരംഗത്തും സജീവമായ അമീന്റെ ലോക ചാമ്പ്യൻഷിപ്പിലെ പങ്കാളിത്തം നാടിന് അഭിമാനമായി മാറുകയാണ്.
ലോക വേദിയിൽ ഇന്ത്യയുടെ യശസ്സുയർത്താനും മികച്ച നേട്ടം കൈവരിക്കാനുമുള്ള പ്രതീക്ഷയിലാണ് അമീനും കായികപ്രേമികളും.

