ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധ:പതിച്ചു. – വി.ഡി. സതീഷൻ, പോലീസുകാരനെതിരെ ജാമ്യമില്ല കേസ് – പോലീസിൽ അമർഷം
തിരുവനന്തപുരം:ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളു അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തി പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും മാദ്ധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദ്ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്.
അയ്യപ്പന്റെ സ്വർണം പോലും തട്ടിയെടുത്ത കൊള്ള സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വർണക്കൊള്ളയിൽ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാർട്ടിയാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.
സി.പി.എം പതിറ്റാണ്ടുകൾ ഭരിച്ച പശ്ചിമ ബംഗാളിൽ ഭരണത്തിന്റെ അന്ത്യനാളുകളിൽ സംഭവിച്ചതൊക്കെയും കേരളത്തിലും ആവർത്തിക്കുകയാണ്. ക്രിമിനലുകളെ വളർത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സർക്കാരും സി.പി.എമ്മും മറക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ
മാളിൽ പൊലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ചതിൽ പൊലീസിൽ അമർഷം. അക്രമണം പ്രതിരോധിച്ച എആർ ക്യാമ്പിലെ മിഥുൻ റോയിക്ക് എതിരെ കേസെടുത്തതിലാണ് അമർഷം. മിഥുൻ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു മർദനം. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.

