തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ്; ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.

കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് -എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. രണ്ടായിരത്തോളം കിറ്റുകൾ കൊണ്ടുപോകുന്നത് യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകര്‍ തടഞ്ഞു. എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന നടനും ബിജെപി നേതാവുമായ ദേവനെതിരെ പ്രതിഷേധം ഉയർന്നു. ബിജെപി കിറ്റുകൾ വിതരണം ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *