ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ; ലോൺ ആപ്പ് സംഘം ത്തിലെ മൂന്നു പേർ പിടിയിൽ.

കണ്ണൂർ: ജാതി അധിക്ഷേപത്തിൽ മനം നൊന്ത് ആരുഹത്യ ചെയ്ത
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് ഈ നിർണ്ണായക അറസ്റ്റ്
അറസ്റ്റിലായ പ്രതികൾ വലിയൊരു ഐടി കമ്പനിയെ വെല്ലുന്ന രീതിയിലുള്ള സജ്ജീകരണങ്ങളുമായാണ് ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്നത്. വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനും പണം തിരിച്ചുപിടിക്കുന്നതിനും വേണ്ടി മാത്രം നിരവധി ജീവനക്കാരെ ഇവർ നിയമിച്ചിരുന്നു. ഒരേസമയം 35-ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വ്യത്യസ്ത നമ്പറുകളിൽ നിന്ന് മാറി മാറി വിളിച്ചും സന്ദേശങ്ങൾ അയച്ചും ഇരകളെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. 36 ശതമാനത്തിലധികം ഉയർന്ന പലിശ നിരക്കാണ് ഇവർ ഈടാക്കിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
നിതിൻ രാജ് ഓൺലൈൻ ആപ്പ് വഴി വായ്പയെടുത്തപ്പോൾ റഫറൻസ് നമ്പറായി നൽകിയിരുന്നത് സ്വന്തം അധ്യാപികയുടെ നമ്പറായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് അധികൃതർ ഈ അധ്യാപികയെ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തിയതായി പറയുന്നു. അധ്യാപിക പ്രിൻസിപ്പലിന് നൽകിപരാതിയെ തുടർന്ന് , പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിപ്പിക്കുകയും നിതിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ശാസിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിദ്യാർഥി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.
നിതിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രണ്ട് വഴികളിലൂടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ലോൺ ആപ്പ് മാഫിയയുടെ ഭീഷണിക്ക് പുറമെ, കോളജിലെ അധ്യാപകരിൽ നിന്ന് നിതിന് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. നിതിന്റെ അധ്യാപകരായിരുന്ന ഡോ. എൻ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയുള്ള പരാതികളിലും അന്വേഷണം നടക്കുന്നുണ്ട്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടോ എന്നാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *