ദമ്പതികളായ 22-കാരനും 37 കാരിയും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ

ബെം​ഗളൂരു: പ്രായവ്യത്യാസത്തെ അവഗണിച്ചുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് മൈസൂരു എസ്പി ഓഫീസിൽ. ബെംഗളൂരു സ്വദേശിയായ 37-കാരി കവിതയും മൈസൂരു സ്വദേശിയായ 22-കാര ഭാസ്കറുമാണ് കുടുംബാംഗങ്ങളുടെ വധഭീഷണിയെത്തുടർന്ന് പോലീസിനെ സമീപിച്ചത്.
എട്ട് വർഷം മുൻപ് ഭർത്താവ് മരിച്ച കവിത, തന്റെ 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടിലായിരുന്നു താമസം. വീട്ടുജോലിക്കായി പോയിരുന്ന കവിത ബന്ദേ മകലമ്മ ക്ഷേത്രത്തിൽ വെച്ചാണ് ഓട്ടോ ഡ്രൈവറായ ഭാസ്കറെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
കവിതയുടെ കുടുംബം മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. തന്റെ കൗമാരക്കാരനായ മകനെ ഉപേക്ഷിച്ച് ഭാസ്കറിനൊപ്പം പോയ കവിത, മൈസൂരിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി. ഇതിനിടെ, കവിതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കവിതയുടെ പിതാവ് കുമ്പൽഗോഡ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം മൈസൂരിലെ രാമനഹള്ളിയിൽ താമസം തുടങ്ങിയ ദമ്പതികൾക്ക് കവിതയുടെ ബന്ധുക്കളിൽ നിന്നും വധഭീഷണി നിലനിൽക്കുന്നുണ്ട്. കവിതയുടെ അളിയൻ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ജീവനിൽ ഭയമുണ്ടെന്നും ദമ്പതികൾ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കവിതയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ കുടുംബാം​ഗങ്ങൾ പദ്ധതിയിട്ടിരുന്നു. അതുകൊണ്ടാകാം കുടുംബം പൊലീസ് സ്റ്റേഷനിൽ തട്ടികൊണ്ടുപോയെന്ന് പരാതി നൽകിയത്.
കേസ് ഗൗരവമായെടുത്ത് ദമ്പതികൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *