തമിഴ്ടി നാട് ടി.വി കെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ:തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും നടി തൃഷയടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി.
അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചത്. വിസികെയും മുസ്‌ലിം ലീഗും പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെയും ലീഗിന്റെയും രണ്ട് എംഎല്‍എമാര്‍ വീതം പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 120 ആയി.
മെയ് 13-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. എൻ.ആനന്ദ്, കെ.എ സെങ്കോട്ടയ്യൻ, ആധവ് അർജുന, വെങ്കട്ട് രാമൻ, നിർമൽ കുമാർ തുടങ്ങിയവരും വിജയ്ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ മന്ത്രിസഭയിൽ അംഗമാകും. 1967ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. സത്യപ്രതിജ്ഞക്ക് പിന്നാലെ മൂന്ന് മണിക്ക് ആദ്യ കാബിനറ്റ് യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *