നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ, രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ഗുഹാവതി : നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ സോനിത്പുർ ജില്ലയിൽ രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന ഭലൂക്പോങ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ സംഭവം നടന്നത്. മോറിഗാവ് ജില്ലയിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പശുക്കളെ മോഷ്ടിക്കാൻ എത്തിയെന്നാരോപിച്ചാണ് ഗ്രാമവാസികൾ എന്ന് പറയപ്പെടുന്ന സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. പുലർച്ചെ 3:30-ഓടെ വനമേഖലയോട് ചേർന്ന ഉൾഗ്രാമത്തിലാണ് സംഭവം. കന്നുകാലി കടത്ത് ആരോപിച്ച് മുസ്ലിം സമുദായത്തിൽപ്പെട്ടവരെ ലക്ഷ്യം വയ്ക്കുന്ന ‘ഗോരക്ഷാ’ ഗുണ്ടകളുടെ തന്ത്രമാണ് ഇവിടെയും പ്രയോഗിക്കപ്പെട്ടതെന്ന് ആരോപണമുണ്ട്.
കൊലപാതകത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ആൾക്കൂട്ട കൊലപാതകത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശം ഉൾക്കാടാണെന്നും സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നുമാണ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസിന്റെ വാദം.

ഈ ക്രൂരമായ കൊലപാതകത്തിന് തൊട്ടുമുമ്പത്തെ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ വിവാദ പരാമർശങ്ങളാണ് അക്രമികൾക്ക് ആവേശം പകർന്നതെന്ന വിമർശനം ശക്തമാണ്.
ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലി കടത്തിനെതിരെ അതിജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

മുസ്ലിം വിരുദ്ധ നയങ്ങളിലൂടെ കുപ്രസിദ്ധനായ ശർമ്മയുടെ ഇത്തരം പ്രസ്താവനകൾ ആൾക്കൂട്ട അക്രമികൾക്ക് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസായി മാറുകയാണ്.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി അസമിൽ മുസ്ലിം സമുദായത്തിന് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടക്കുന്നത്. കേവലം നിയമപാലനത്തിന് അപ്പുറം, ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാൻ ഗോസംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ അസമിലെ സാധാരണക്കാരായ മുസ്ലിം ജനവിഭാഗത്തിനിടയിൽ വലിയ ഭീതിയാണ് പടർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *