എസ് ഐ ആർ ;ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ.
ന്യൂഡെൽഹി:പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പ്രത്യേക ദൂതന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന് കത്തയച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ന്യൂനപക്ഷ വിഭാഗങ്ങളെ സാരമായി ബാധിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി
മുസ്‌ലിം വോട്ടര്‍മാരെയാണ് നടപടി സാരമായി ബാധിച്ചതെന്ന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തില്‍ പറയുന്നു. നന്ദിഗ്രാമില്‍ എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ 95 ശതമാനവും മുസ്‌ലിംകളാണ്. എന്നാല്‍, ആ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ മുസ്‌ലിംകള്‍ വെറും 25 ശതമാനം മാത്രമാണ്. നന്ദിഗ്രാമില്‍ എസ്‌ഐആര്‍ ബാധിക്കപ്പെട്ടവരില്‍ പുരുഷന്മാരും സ്ത്രീകളും വയോധികരുമുള്‍പ്പെടെ സാധുവായ തിരിച്ചറിയല്‍ രേഖകളുള്ള ഇന്ത്യന്‍ പൗരന്മാരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും എസ്‌ഐആർ സ്റ്റേ അനുവദിച്ചില്ല
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ എസ്‌ഐആറിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്നാണ് ലഭിച്ച വിവരമെന്ന് കത്തില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ മാത്രം 91 ലക്ഷം പേരുടെ പേരുകള്‍ ഒഴിവാക്കിയതായും, മതിയായ തിരിച്ചറിയല്‍ രേഖകളുണ്ടായിരുന്നിട്ടും നിരവധി പേര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായി പരാതിയുണ്ടെന്നും യുഎന്‍ ദൂതര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു
രേഖകളിലെ ചെറിയ അക്ഷരപ്പിശകുകളോ പേരിലെ ചെറിയ വ്യത്യാസങ്ങളോ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കാനുള്ള കാരണമായി ഉപയോഗിച്ചെന്നാണ് ആരോപണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെറിയ വ്യത്യാസങ്ങള്‍ ഇന്ത്യയില്‍ സാധാരണമാണ്. എസ്‌ഐആറിന്റെ ഭാഗമായി ബിഹാറില്‍ നടന്ന സമാനമായ നടപടിയും മുസ്‌ലിംകള്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം നഷ്ടപ്പെടാനും പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരാനും കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കത്തില്‍ എടുത്തു പറഞ്ഞു.

