സ്കൂളുകളിലെ ‘കൂറകളുടെ’ ഇടപെടൽ പ്രധാനാധ്യാപകന് സസ്പെൻഷൻ
മുംബൈ :മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. ഹിങ്കോളിയിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ വിനോദ് കട്കെയെയാണ് വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ സസ്പെൻഷൻ ഉത്തരവ് ജില്ലാ കലക്ടർ രാഹുൽ ഗുപ്ത സ്ഥിരീകരിച്ചു. പതിവായി മദ്യപിച്ച് ക്ലാസിലെത്താറുള്ള അധ്യാപകൻ വിദ്യാർഥികളോടും മറ്റ് അധ്യാപകരോടും മോശമായി പെരുമാറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) അധ്യാപകനെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് അധ്യാപകനെതിരിൽ വിദ്യാഭ്യാസവകുപ്പ് വടിയെടുത്തിരിക്കുന്നത്.
“സ്കൂളുകൾ ശരിയാക്കൂ’ എന്ന ടാഗ്ലൈനില് ദേശവ്യാപകമായി സിജെപി ആരംഭിച്ച കാംപെയിനിന് ദിവസങ്ങൾക്കകമാണ് നടപടി. കാംപെയിനിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ഹിങ്കോളിയിലെ സ്കൂളിൽ ദീപ്കെ സന്ദർശനം നടത്തുകയുമുണ്ടായി. സ്കൂളിലെ പ്രധാനധ്യാപകൻ കട്കെ സ്ഥിരമായി മദ്യപിച്ചാണ് ക്ലാസിലെത്താറുള്ളതെന്നും ഇതേക്കുറിച്ച് ചോദ്യംചെയ്യുന്നരോട് മോശമായാണ് പ്രതികരിക്കാറുള്ളതെന്നും വിദ്യാർഥികളും രക്ഷിതാക്കളും ദീപ്കെയോട് പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന്, ദീപ്കെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ആരോപണവിധേയനായ അധ്യാപകനെതിരിൽ എത്രയും വേഗം നടപടിയെടുക്കാത്ത പക്ഷം സമരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെയാണ് നടപടി.”

