ലോക ചാമ്പ്യൻ ബോക്സറായ സോളാനി ടെറ്റെ വെടിയേറ്റ് മരിച്ചു
ജോഹന്നസ് ബർഗ്:ലോക ചാമ്പ്യൻ ബോക്സറായ സോളാനി ടെറ്റെ ദക്ഷിണാഫ്രിക്കയിലെ തന്റെ വസതിയിൽ വെടിയേറ്റ് മരിച്തായി റിപ്പോർട്ട്.38 വയസ്സായിരുന്നു അദ്ദേഹത്തിന്.
ദക്ഷിണാഫ്രിക്കൻ വാർത്താ മാധ്യമമായ NCA റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈസ്റ്റേൺ കേപ്പിലെ മ്ദാൻത്സാനയിലുള്ള വീട്ടിലെത്തിയപ്പോൾ മുഖംമൂടി ധരിച്ചെത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ടെറ്റെയുടെ കൂടെയുണ്ടായിരുന്ന 27 വയസ്സുകാരിയായ യുവതിക്കും ആക്രമണത്തിൽ പരിക്കേറ്റു; അവർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്.
കൊലയാളികൾ വെടിയുതിർത്തപ്പോൾ ടെറ്റെ രക്ഷപ്പെടാൻ ശ്രമിച്ചതായി ഈസ്റ്റേൺ കേപ്പ് പോലീസ് വക്താവ് ബ്രിഗേഡിയർ നോബുന്തു ഗന്റാന അറിയിച്ചു.
തുടർച്ചയായ വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, അദ്ദേഹം തന്റെ വാഹനം മുറ്റത്തേക്ക് ഓടിച്ചുകയറ്റി,
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു.
ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് പലതവണ വെടിയേറ്റു; അവരെ ഉടൻതന്നെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ലോക കിരീടങ്ങൾ നേടുകയും കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുകയും ചെയ്തുകൊണ്ട് ടെറ്റെ റിങ്ങിൽ ഒരു നീണ്ട കരിയർ നയിച്ചിരുന്നു
2007 , 2008 WBF ഫ്ലൈവെയ്റ്റ് വിഭാഗത്തിലും, പിന്നീട് 2017 മുതൽ 2019 വരെ WBO ബന്റംവെയ്റ്റ് വിഭാഗത്തിലും അദ്ദേഹം ലോക ചാമ്പ്യൻഷിപ്പ് ബെൽറ്റുകൾ സ്വന്തമാക്കിയിരുന്നു.
ഏറ്റവും വേഗത്തിലുള്ള നോക്കൗട്ട് വിജയമെന്ന റെക്കോർഡും ടെറ്റെയുടെ പേരിലുണ്ട്; 2017-ൽ നടന്ന മത്സരത്തിൽ വെറും 11 സെക്കൻഡുകൾക്കുള്ളിലാണ് അദ്ദേഹം സിബോണിസോ ഗോന്യയെ പരാജയപ്പെടുത്തിയത്.

