AI girlfriend

കണ്ണിൽ മുളകുവെള്ളം ഒഴിച്ചു, നഖത്തിൽ ഈർക്കിൽ കയറ്റി; കോഴിക്കോട് കൊടുവള്ളിയിൽ12 കാരന് നേരെ ക്രൂരപീഡനം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ കർശന നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കുട്ടിയെ നിഷ്ഠൂരമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി
വീട്ടുകാർ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. കൈകാലുകൾ കൂട്ടിക്കെട്ടുകയും, മുറിവുകളിൽ മുളകുപൊടി പുരട്ടുകയും, കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി മർദനമേറ്റ കുട്ടി, അർധരാത്രിയിൽ അവിടെനിന്ന് രക്ഷപ്പെട്ട് വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് പൊലീസിൽ എത്തിയത്. എന്നാൽ വിവരം അറിയിച്ചിട്ടും പൊലീസ് തുടർനടപടി സ്വീകരിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിന്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിഷയം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ഇടപെട്ട സിഡബ്ല്യുസി, സമഗ്രമായ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകി. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗൺസലിങ് നൽകിയതിനുശേഷം കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *