സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
വിജയവാഡ:പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഫിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയായിരുന്നു. പണമിടപാടിന് പുറമെ കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ ഭിന്നതകളുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളുകയായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വിവിധയിടങ്ങളിൽനിന്നായി മറ്റു ശരീരഭാഗങ്ങൾകൂടി ലഭിച്ചു. കൈയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

