കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ :തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ, മങ്കാത്ത് വീട്ടില്‍ 54 വയസ്സുള്ള ശിവൻ, മനവളപ്പില്‍ വീട്ടില്‍ 65 വയസ്സുള്ള കെ.എം മുരളീധരൻ എന്നിവരെ കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയത്തില്‍ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോക് രാജിൻ്റെ നേത്യത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തഹസില്‍ദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാല്‍ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

