ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊന്നു.

ലഖ്‌നൗ: ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫത്തേപൂരിലെ ഭാര്യവീട് സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഹരിഓം. ഈ യാത്രക്കിടെയാണ് അദ്ദേഹത്തെ നാട്ടുകാർ തടഞ്ഞതും ഡ്രോൺ മോഷ്ടാവായി ചിത്രീകരിച്ച് ആക്രമിച്ചതും.
‘ഡ്രോണ്‍ ചോര്‍’ എന്നാണ് സാങ്കല്‍പ്പിക മോഷ്ടാവിന് നാട്ടുകാര്‍ നല്‍കിയ പേര്. മോഷ്ടിക്കേണ്ട വീടുകളില്‍ ആദ്യം അടയാളമിടുകയും പിന്നീട് വീടിന്റെ മേല്‍ക്കൂരയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും അനുകൂല സാഹചര്യത്തില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് ഡ്രോണ്‍ ചോറിന്റെ രീതി എന്നായിരുന്നു പ്രചാരത്തിലുണ്ടായിരുന്ന അഭ്യൂഹം.
വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഈ അഭ്യൂഹം കാട്ടുതീ പോലെ പടർന്നതെന്ന് അധികൃതർ അറിയിച്ചു. കാൺപൂർ, മഹാരാജ്പൂർ, മധോഗഡ്, രാംപുര തുടങ്ങിയ മേഖലകളിലും ഈ ‘ഡ്രോൺ ചോർ’ സംശയത്തിന്റെ പേരിൽ സമാനമായ ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരപരാധിയായ യുവാവിന്റെ മരണത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *